മട്ടാഞ്ചേരി: കൊച്ചി കോര്‍പറേഷനിലെ കൂടുതല്‍ ഡിവിഷനുകളില്‍ കുടുംബശ്രീ വായ്പ തട്ടിപ്പ് നടന്നതായ വിവരം പുറത്തുവരുന്നുസ്ത്രീകള്‍ അടക്കമുള്ള വലിയ റാക്കറ്റ് തട്ടിപ്പിന് പിറകിലുണ്ടെന്നാണ് സൂചന. കാല്‍നൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വസ്തയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നീങ്ങുന്നത്. വായ്പകള്‍ക്ക് കമീഷൻ നല്‍കേണ്ടി വരുന്നെന്ന വീട്ടമ്മമാരുടെ ആക്ഷേപത്തിനു പിറകെയാണ് വ്യാജരേഖകള്‍ ചമച്ചുള്ള തട്ടിപ്പുകളുടെ ചുരുളഴിയുന്നത്.രണ്ട് ഡിവിഷനുകളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ചാണ് ആദ്യം ഈ ഡിവിഷനിലെ കൗണ്‍സിലര്‍മാരും സി.ഡി.എസ് ചെയര്‍പേഴ്സനും പൊലീസില്‍ പരാതി നല്‍കിയത്. 13, 20 ഡിവിഷൻ കൗണ്‍സിലര്‍മാരായ വി.എ. ശ്രീജിത്, പി.എസ്. വിജു എന്നിവരാണ് പരാതി നല്‍കിയത്. ഇവരുടെ വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ചാണ് ഈ ഡിവിഷനുകളില്‍ തട്ടിപ്പ് നടത്തിയത്. കൂടുതല്‍ ഡിവിഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായി പരാതി ഉയരുകയാണ്. 28ാം ഡിവിഷനിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.