നെല്ലിയാമ്പതി: ശക്തമായ മഴയില്‍ നെല്ലിയാമ്പതി മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. നെല്ലിയാമ്പതി ചുരം പാതയില്‍ ചെറുനെല്ലിക്ക് സമീപത്തായി രണ്ടിടത്തും ലില്ലി എസ്റ്റേറ്റ് മേഖലയിലുമാണ് ഉരുള്‍പൊട്ടിയത്.ചുരം പാതയില്‍ ഉരുള്‍പൊട്ടലില്‍ ഭിത്തി തകര്‍ന്നു. 100 മീറ്ററോളം ഒലിച്ചുപോയി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ചുരം പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കാരപ്പാറപ്പുഴയില്‍ വെള്ളം കൂടിയതിനെ തുടര്‍ന്ന് ലില്ലി ഭാഗം ഒറ്റപ്പെട്ടു. ലില്ലി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടലില്‍ തേയില, കാപ്പിച്ചെടികള്‍ ഒലിച്ചുപോയി.നെല്ലിയാമ്പതി ചുരം പാതയില്‍ നിരവധി ഭാഗത്ത് മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം ഭാഗികമായി മുടങ്ങി. നൂറടിപ്പുഴ കരകവിഞ്ഞതോടെ ഈ ഭാഗത്തെ 25 ലധികം വീടുകളും കടകളിലും വെള്ളം കയറി. ഇവരെ തിങ്കളാഴ്ച രാത്രിയോടെ പാടഗിരിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ മഴയ്ക്ക് നെല്ലിയാമ്ബതി മേഖലയില്‍ ശമനമായിട്ടില്ല. കൂനംപാലത്തിന് സമീപം നൂറടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂനംപാലം ജുമാമസ്ജിദില്‍ വെള്ളം കയറി. മദ്രസയിലും പള്ളിക്കകത്തും പൂര്‍ണമായും വെള്ളം കയറിയിട്ടുണ്ട്. നൂറടിപ്പുഴ ഇരു കരയും മുട്ടിയൊഴുകുന്നതിനാല്‍ നൂറടി ടൗണ്‍ പൂര്‍ണമായും ഇന്നലെ പുലര്‍ച്ചെയോടെ വെള്ളത്തിലായി. ഈ ഭാഗത്തെ വീടുകളും കച്ചവട സ്ഥാപനങ്ങളിലും റിസോര്‍ട്ടുകളിലും വെള്ളം കയറി. നെല്ലിയാമ്ബതി ആയുര്‍വേദ ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വെള്ളം ഉയര്‍ന്നതോടെ അധികൃതരുടെ നേതൃത്വത്തില്‍ നൂറടി ഭാഗത്തുള്ള 24 കുടുംബങ്ങളെ പാടഗിരിയിലുള്ള ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു.
പോത്തുണ്ടി കൈകാട്ടി ചുരം പാതയിലേക്ക് വീണ മരങ്ങളും ചളിയും മണ്ണും റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തില്‍ രണ്ടു ജെ.സി.ബി ഉപയോഗിച്ച് നീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ തുടരുന്നതിനാല്‍ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം വെള്ളിയാഴ്ച്ച വരെ നിരോധിച്ചു.