തിരുവനന്തപുരം:ഔദ്യോഗിക വാഹത്തി ൽ സ്വകാര്യയാത്ര 97 , 140 രൂപ തിരിച്ചടയ്ക്കണമെന്ന് എംഡിയുടെ നിർദേശത്തെ തുടർന്ന് വിശദീകരണമായി കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് താനെന്നും കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളാണെന്നും ലതികാ സുഭാഷ് പറഞ്ഞു .
കെ എഫ് ഡി സി യുടെ ചെയർപേഴ്സൺ ആയി ചുമതല വഹിച്ചിട്ട് ആറ് മാസമാകുന്നു. കോർപ്പറേഷന്റെ ഉയർച്ചക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിക്കുന്നു. എന്നാൽ തന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരമെന്നും ലതികാ സുഭാഷ് സൂചിപ്പിച്ചു.
ഇന്ധന ചിലവ് ഇനത്തിൽ കൈപ്പറ്റിയ 97,140 രൂപ എന്നിൽ നിന്നും ഈടാക്കുമെന്നാണ് വാർത്ത. ചെയർപേഴ്സൺ എന്ന നിലയിൽ തനിക്ക് പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണ്. ടി എ / ഡി എ ഇനത്തിൽ 3500 രൂപയെന്നും . കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കേരളത്തിലെ പല പൊതു പരിപാടികളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ പലതിലും സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു അഴിമതിയോ അപരാധമായോ വിശ്വസിക്കുന്നുമില്ലയെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.
വാഹനം ദുരുപയോഗം ചെയ്‌തു എന്നുള്ള ആരോപണമാണ് തനിക്കെതിരെ ഉയർന്നു വന്നിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിനായി ഇതുവരെ ഞാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ല. ഔദ്യോഗിക വാഹനത്തിൽ ഇത്തരം പൊതുപരിപാടികളിൽ സംബന്ധിച്ചത് കൊണ്ട് വാഹനത്തിൻറെ ഇന്ധന തുക എന്നിൽ നിന്ന് ഈടാക്കണമെന്നാണ് എം.ഡി നിർദേശിക്കുന്നത്.
വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൻ എന്ന നിലയിൽ താനും നിയമത്തിന് വിധേയയാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തെങ്കിലും സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും ലതികാ സുഭാഷ് പറഞ്ഞു.