തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ ഇളക്കിമറിക്കും.സഭാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീര്‍പ്പ് ശ്രമങ്ങളെ കുറിച്ചുമാണ്.സ്വപ്നയുടെ രഹസ്യമൊഴി ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ഇനി നിയമസഭയിലേക്ക്…. പ്രതിപക്ഷത്തിന്‍റെ ചോദ്യമുന മുഴുവന്‍ മുഖ്യമന്ത്രിക്ക് നേരെയാണ്. 2016-ല്‍ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടോ, എന്ത് നടപടി എടുത്തു കോടതിയില്‍ മൊഴി നല്‍കിയ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ സ്വാധീനീച്ച് മൊഴിമാറ്റാന്‍ ഒരു മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇടനിലക്കാരനായോ, ഇടനിലക്കാരനും മുന്‍ വിജിലന്‍സ് മേധാവിയും നിരവധി തവണ സംസാരിച്ചോ, സംസാരിച്ചെന്ന് കണ്ടെത്തിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയോ, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയെ പാലക്കാട് നിന്നും വിജിലന്‍സ് പിടിച്ചുകൊണ്ടുപോയത് എന്തിനാണ് , വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ആക്രമിച്ചതായി പരാതി കിട്ടിയോ എന്നിങ്ങിനെ നക്ഷത്രചിഹ്നമിട്ടതും നക്ഷത്രിചിഹ്നമിടാത്തതുമായ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളേറെയും സ്വര്‍ണ്ണക്കടത്തില്‍ ചുറ്റിയാണ്.രഹസ്യമൊഴിയെ ഗൂഡാലോചന വെച്ചു നേരിടുന്ന ഇടത് പ്രതിരോധമാണ് സഭയിലും ആവര്‍ത്തിക്കുക എന്ന് കാണിക്കുന്നതാണ് ഭരണപക്ഷചോദ്യങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോ, മൊഴിക്ക് പിന്നാലെ സംഘടനകള്‍ അക്രമസമരത്തിനും കലാപത്തിനും ശ്രമിച്ചിരുന്നോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ഇതിന്‍റെ ഭാഗമാണോ എന്നിങ്ങനെയാണ് പിണറായിയോടുള്ള ഭരണപക്ഷ ചോദ്യങ്ങള്‍.പ്രമാദവിഷയങ്ങളിലെ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പലപ്പോഴും ഉത്തരം കൃത്യസമയത്ത് നല്‍കാതെ നീട്ടിക്കൊണ്ട് പോകുന്ന പതിവ് സ്വര്‍ണ്ണക്കടത്തിലും പ്രതീക്ഷിക്കാനും സാധ്യതയേറെ. ചോദ്യങ്ങള്‍ക്കപ്പുറം അടിയന്തിരപ്രമേയമായും സബ് മിഷനുമായും സ്വര്‍ണ്ണക്കടത്ത് വരും. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള നീക്കങ്ങളില്‍ പ്രധാന നാവായിരുന്ന പിടി തോമസിന്‍റെ അസാന്നിധ്യം പ്രതിപക്ഷനിരയിലുണ്ട്.