കൊച്ചി: ഐഎസ് ഭീകര പ്രവര്‍ത്തനക്കേസില്‍ അറസ്റ്റിലായ മലയാളി ആഷിഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ഒരാഴ്ചത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആഷിഫിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണ സംഘം കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് കോടതി പ്രതിയെ അടുത്ത മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്‍പതു ദിവസം ആഷിഫിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
ആഷിഫിന്റെ കൂട്ടാളികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെന്നും ചിലരുടെ വീടുകളില്‍ റെയ്ഡുകള്‍ നടത്തിയതായും എന്‍ഐഎ അറിയിച്ചു. ആഷിഫിന്റെ മൊഴികള്‍ വിശകലനം ചെയ്തായിരിക്കും എന്‍ഐഎയുടെ തുടര്‍ നീക്കങ്ങള്‍.ആര്‍എസ്‌എസ് നേതാക്കളെയും എന്‍ഐഎ ഉദ്യോഗസ്ഥരെയും അപായപ്പെടുത്താന്‍ ഐഎസ് ഭീകരവാദികള്‍ ലക്ഷ്യമിട്ടിരുന്നെന്നും പരീക്ഷണ ബോംബ് വിന്യാസങ്ങള്‍ നടത്തിയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.