ലണ്ടന്‍: നാട്ടിലേയ്ക്കു പോകാന്‍ യാത്രയ്ക്കു കോപ്പുകൂട്ടി കുടുംബത്തെയും കൂടെകൂട്ടി മടങ്ങാനിരിക്കെ കുമരകം സ്വദേശിനി നഴ്സിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കേംബ്രിജിലെ ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സ് പ്രതിഭ കേശവനെയാണ് താമസസ്ഥലത്ത് അപ്രതീക്ഷിതമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ബ്രിട്ടനിലെത്തിയ പ്രതിഭ കുടുംബത്തെ കൂടെ കൂട്ടാനായി തിങ്കളാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ആകസ്മിക മരണം സംഭവിച്ചത്.യാത്രയുടെ ഒരുക്കങ്ങള്‍ അറിയാനായി ബ്രിട്ടനിലുള്ള സഹോദരി ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് അടുത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. രണ്ടുവര്‍ഷം മുന്‍പ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാവിമാനത്തിലുണ്ടായ പ്രസവരക്ഷാ ദൗത്യത്തില്‍ പങ്കാളിയായ പ്രതിഭ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.