ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഏവൂർ വടക്ക് എടയ്ക്കല്ലൂർ ശിവസദനത്തില്‍ ദേവിക പിള്ളയെ (21) ആണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചിമ്മിനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമല്ല. ജീവനൊടുക്കാൻ കാരണമെന്താണെന്ന് ഐഐടി അധികൃതർക്കോ സഹപാഠികള്‍ക്കോ അറിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി കോഴ്‌സില്‍ നാലാം വർഷ വിദ്യാർത്ഥിനി ആയിരുന്നു. ദേവിക പഠനത്തില്‍ നന്നായി ശ്രദ്ധിച്ചിരുന്നെന്നും എന്നാല്‍, ഏതാനും ദിവസമായി അധികം സംസാരമില്ലായിരുന്നെന്നും കൂട്ടുകാർ അറിയിച്ചതായി സഹോദരൻ അമിതേഷ് കൃഷ്ണ പറഞ്ഞു. ഞായറാഴ്ച രാത്രി ദേവിക വീട്ടുകാരുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ എന്തെങ്കിലും വിഷമമുള്ളതായി തോന്നിയിരുന്നില്ലെന്നും വീട്ടുകാർഅറിയിച്ചു.
ഒഡീഷയില്‍ ജിൻഡല്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന പരേതനായ സുരേഷ് കുമാറിന്റെയും ഇവിടെ അദ്ധ്യാപികയായ ശ്രീലേഖ പിള്ളയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച്‌ ഏവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദേവിക മരിച്ചതായി തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഐഐടിയില്‍ നിന്നു ശ്രീലേഖയെ അറിയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.ഖരഗ്പുരിലെത്തിയപ്പോഴേക്കും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോയിരുന്നു. ദേവിക ജനിച്ചതുംവളർന്നതും ഒഡീഷയിലാണ്. സഹോദരൻ അമിതേഷ് ഒഡീഷയില്‍ പ്ലസ് ടു വിദ്യാർത്ഥിയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × two =