ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്. ശനിയാഴ്ച രാവിലെയാണ് തമിഴ്‌നാട് കോണ്‍ട്രാക്‌ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ വി സുഹൈറി(24)നെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടുപ്രതിയും പിടിയിലായിട്ടുണ്ട്.പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ലഹരി. സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരാള്‍ക്ക് നല്‍കാനായി മയക്കുമരുന്ന് കൊണ്ടുപോകുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെ കൂട്ടുപ്രതിയെ പിടികൂടാനുള്ള പ്ലാന്‍ പൊലീസ് തയാറാക്കി. കോഴിക്കോട് പൂളക്കൂല്‍ പള്ളിയത്ത് നൊച്ചാട്ട് വീട്ടില്‍ എന്‍ എ ഉബൈദ്(29) ആണ് പിടിയിലായത്.