കണ്ണൂര്‍ : വടക്കെ മലബാറിലെ ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ പിടുത്തം.അഞ്ചു ഏക്കറയോളം പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങളും കശുമാവിന്‍ തോട്ടവും സ്വകാര്യ വ്യക്തികളുടെ പച്ചക്കറി തോട്ടങ്ങളും കത്തിച്ചാമ്പലായി. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് തീപിടിച്ചത്. മാടായിപാറയിലെ ഐടിഐ കോളേജിന് മുന്‍വശത്തുള്ള തവരത്തടത്തില്‍ തുടങ്ങി കോപ്പാട്ട് മൊട്ടറോഡ്, കല്ലുവളപ്പ് റോഡ് തുടങ്ങി അഞ്ചു ഇടങ്ങളിലായിട്ടാണ് തീ പടര്‍ന്ന് പിടിച്ചത്.കൊടും ചൂടിലും ഉഷ്ണക്കാറ്റിലും മിനിട്ടുകള്‍ക്കകം അഞ്ചു ഏക്കറയോളം സ്ഥലങ്ങള്‍ അഗ്‌നിക്കിരയായി. ഒപ്പം അപൂര്‍വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ പച്ചില കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളില്‍ നിന്നായി തീ ആളിപടര്‍ന്നു. വിദ്യാര്‍ത്ഥികളുടെ സംയോജിതമായ ഇടപെടലുകളെ തുടര്‍ന്നാണ് സമീപമുള്ള വിടുകളിലേക്ക് തീ പടരാതിരുന്നത്. പല സ്ഥലങ്ങളിലായുള്ള തീപിടുത്തം ഏറെ നേരം ആശങ്ക പരത്തി.