തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്.കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. തുടര്‍ന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ ചട്ടപ്പടി സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.ജി.സി സ്കീം പ്രകാരം 2020 സെപ്റ്റംബറില്‍ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും എൻട്രി കേഡറിലുള്ളവരുടെ ശമ്ബളം 2016 ലേതിനെക്കാള്‍ വെട്ടിക്കുറച്ചുവെന്നാണ് ഭാരവാഹികള്‍ പറയുന്നത്. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വി.ഐ.പി ഡ്യൂട്ടി, പുറത്തുള്ള മറ്റ് ഡ്യൂട്ടികള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചുകൂടിയാണ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഡിസംബറിലെ ചട്ടപ്പടി സമരത്തിലും ഫലം കണ്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരമുറകളിലേക്ക് നീങ്ങാനാണ് തീരുമാനം.
സ്റ്റെപൻറ് വര്‍ധനയടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യപിച്ചെങ്കിലും സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒരുമാസത്തേക്ക് സമരം മാറ്റിവെച്ചിരിക്കുകയാണ്.