ന്യൂഡല്‍ഹി: ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകള്‍ക്ക് അമ്മയുടെ വക ക്രൂരശിക്ഷ.കുട്ടിയുടെ കൈകാലുകള്‍ ബന്ധിപ്പിച്ച അമ്മ തന്റെ പെണ്മകളെ വീടിന്റെ മേല്‍ക്കൂരയില്‍ പൊള്ളുന്ന വെയിലില്‍ കിടത്തി. കൈകാല്‍ ബന്ധിച്ച നിലയിലുള്ള പെണ്‍കുട്ടി സ്വയം രക്ഷപ്പെടാന്‍ പാടുപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അമ്മയ്ക്കെതിരെ കേസ് എടുത്തു.ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഈ മാസം 2നാണ് സംഭവം. മകള്‍ ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിനാണ് അമ്മ ഇത്രയും കഠിനമായ ശിക്ഷ നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കനത്ത ചൂടേറ്റു കുട്ടിയുടെ ചര്‍മം പൊള്ളിയിട്ടുണ്ട്.
25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപമുള്ള മറ്റൊരു കെട്ടിടത്തില്‍നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.