തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ എക്കാലത്തെയും ഇതിഹാസഗായകനായ മുഹമ്മദ് റഫിയുടെ 42 -)o ഓർമ്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഹാനിരാത് -ഗാനസന്ധ്യക്ക് 2022 ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ അരങ്ങുണരും . മുഹമ്മദ് റഫിയുടെ സ്‌മൃതി ദിനത്തിൽ മകൻ ഷാഹിദ് റഫി, മുഖ്യഗായകനായി ആദ്യമായി തലസ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട് .അദ്ദേഹത്തോടൊപ്പം എ ആർ റഹ്‌മാന്റെ ജയ്ഹോ -ലോക സംഗീത പര്യടന സംഘത്തിൽ അംഗമായ , മുഹമ്മദ് റഫിയുടെ അതേ ശബ്ദ മാധുര്യത്തിലും ഭാവഗരിമയിലും ഗാനങ്ങൾ ആലപിക്കുന്ന, മുംബൈ മുഹമ്മദ് അസ്‌ലമും ഈ ഗാനസന്ധ്യയിൽ എത്തുന്നതോടെ , അദ്ദേഹത്തിന്റെ നിത്യ ഹരിത ഗാനങ്ങളുടെ ഒരു സംഗീത വിരുന്നു തന്നെ ഇവർ റഫി ആരാധകർക്കായി ഒരുക്കും. മുഹമ്മദ് റഫിയുടെ സ്‌മൃതി ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വിപുലമായ പരിപാടിക്കാണ് ജൂലൈ 30 നിശാഗന്ധി ഓഡിറ്റോറിയം വേദിയാകുന്നത്.
മുഹമ്മദ് റഫിയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. മുഹമ്മദ് റഫി മ്യൂസിക് ലവേഴ്സ് ഫ്രറ്റേർണിറ്റി ആണ് ഈ പരിപാടിയുടെ സംഘാടകർ. ജൂലൈ 30 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് അരങ്ങേറുന്ന ‘സുഹാനി രാത്’ എന്ന ഗാന സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യ പാസുകൾ വഴി ക്രമീകരിച്ചിരിക്കുന്നു. ഈ ഗാനസന്ധ്യ കാണുവാൻ ആഗ്രഹിക്കുന്നവർ 9746114444 , 9746466440 എന്നീ നമ്പറുകളിൽ വിളിച്ചു സൗജന്യ പാസുകൾ ഉറപ്പു വരുത്തുക.