തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) രോഗം കൂടുതല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് കൂടുതലായി വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു.കുറച്ച് നാളുകളായി കുട്ടികള്‍ക്കിടയില്‍ ഈ രോഗം അതിവേഗം ആണ് പകരുന്നത്. ഈ മാസം മാത്രം 2870 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ 10ന് 328 പേര്‍ക്കും ഈ വര്‍ഷം ആകെ 69113 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തും കണ്ണൂരും ഈ വര്‍ഷം 10000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം ബാധിക്കുന്നവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ വരുന്നതിലൂടെ വായുവിലൂടെ പകരുന്ന ഈ രോഗം ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് രോഗമുണ്ടായി. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം ഉണ്ടാവുന്ന രോഗം മുതിര്‍ന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാവ്യതിയാനമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീലക്ഷണങ്ങള്‍ കാണിക്കുമ്‌ബോള്‍ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. തലച്ചോറിലേക്ക് വ്യാപിച്ചാല്‍ രോഗം സങ്കീര്‍ണമാകും.