പോത്തന്‍കോട്: എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി നഗരസഭാ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ കഠിനംകുളം പൊലിസ് അറസ്റ്റുചെയ്‌തു.എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ എന്‍. ശിവപ്രസാദ് (29), തേമ്പാംമൂട് , കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍ (24) എന്നിവരാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത്.ശനിയാഴ്ച രാത്രി 10.30 ഓടെ കഠിനംകുളം തോണിക്കടവിന് സമീപം കാറിലെത്തിയ ഇരുവരെയും പൊലീസ് തടഞ്ഞുനിറുത്തി വാഹനം പരിശോധിക്കുന്നതിനിടെ കാറിന്റെ പുറത്തെ സീറ്റിലിരുന്ന് യാത്ര ചെയ്‌തിരുന്ന ശിവപ്രസാദ് ഇറങ്ങി ഓടി. അജ്മലിനെ കാറില്‍ നിന്ന് തന്നെ പിടികൂടി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഷൂസില്‍ നിന്ന് എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ കഠിനംകുളം ഭാഗത്ത് നിന്നുതന്നെ ശിവപ്രസാദിനെ പൊലീസ് പിടികൂടി. ശിവപ്രസാദ് പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതുള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. ശനിയാഴ്ച സമീപത്തെ ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടി അരങ്ങേറിയിരുന്നു. കഠിനംകുളം സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എ പോലുള്ള മാരക ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതായും ഇതിന്റെ പിന്നിലുള്ള സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.