പാലക്കാട് : ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
സഹോദരിമാരായ സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങി വന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ പിടികൂടി ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
ദീര്‍ഘനാളായി ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂയെന്ന് പൊലീസ് പറഞ്ഞു.