ആലപ്പുഴ: പുതുതായി നിർമിച്ച വീട്ടിലേക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍കിണറില്‍നിന്ന് പ്രകൃതിവാതകം. തീ കാണിച്ചാല്‍ കത്തും. മാറാതെ വീട്ടുകാർ. ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡില്‍ പുന്നയ്ക്കല്‍ വിക്ടറിന്‍റെ വീട്ടിലാണ് സംഭവം. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.വെള്ളിയാഴ്ച വൈകീട്ട് 6.25നാണ് സംഭവങ്ങള്‍ക്ക് തുടക്കം. കുഴല്‍കിണർ 17 മീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ജോലിക്കാർ തീ കാണിച്ചതോടെ ആളിക്കത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിച്ചു. അവർ സ്ഥലത്തെത്തി ബോർവെല്‍ വാല്‍വ് ഉപയോഗിച്ച് അടച്ച് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചാണ് മടങ്ങിയത്.നിലവില്‍ പി.വി.സി പൈപ്പ് ഉപയോഗിച്ച് അടച്ചുവെച്ചിരിക്കുകയാണ്. തുറന്നാല്‍ നേരിയ ശബ്ദത്തോടെ അതിവേഗം പ്രകൃതിവാതകം പുറത്തേക്ക് വരും. 14 മീറ്റർ താഴ്ന്നപ്പോള്‍ നേരിയമണമുണ്ടായിരുന്നു.കുഴല്‍കിണറില്‍നിന്ന് പ്രകൃതിവാതകം കണ്ടെത്തിയ വീട്ടില്‍ ജിയോളജിസ്റ്റുകളായ ഷീനാമോള്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു
കുഴിയുടെ ആഴംകൂടിയതോടെ മണ്ണിടയില്‍നിന്ന് ഗന്ധമുണ്ടായതോടെ നടത്തിയ പരിശോധനയിലാണ് പ്രകൃതിവാതകമാണെന്ന് തിരിച്ചറിഞ്ഞത്. തീ കാണിച്ചാല്‍ ഗ്യാസ് കത്തുന്നതുപോലെ കത്തുകയാണ്. സമീപത്തെ വീട്ടില്‍ 16 മീറ്റർ താഴ്ചയില്‍ അടുത്തിടെ സ്ഥാപിച്ച കുഴല്‍കിണറിലെ വെള്ളത്തിന് കുഴപ്പമില്ല.വെള്ളത്തിനായി ഉപയോഗിക്കാൻ വീട്ടുകാർ പുതിയ കുഴല്‍കിണർ കുത്തുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ആറാട്ടുവഴിയിലും കാളാത്തും സമാനരീതിയില്‍ വീടുകളില്‍ കുഴല്‍കിണർ കുഴിച്ചപ്പോള്‍ പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. അവർ പാചകത്തിന് ഉപയോഗിക്കുകയാണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.