ശുചീന്ദ്രം : അനന്തപുരിയിലെ നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ശുചീന്ദ്രം സ്ഥാണ് മലയ ക്ഷേത്രവളപ്പിൽ നിന്ന് മുന്നൂറ്റി നങ്ക ഇന്ന് രാവിലെ 9 മണിയോടെ ശ്രീപത്മനാഭപുരത്തേക്ക് തിരിച്ചു. പല്ലക്കിലാണ് മുന്നൂറ്റി നങ്കയെ എഴുന്നള്ളിക്കുന്നത്. പത്മനാഭപുരത്തു നിന്നും 12ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കും. 13ന് രാവിലെ 11നാണ് കളിയിക്കാവിളയിൽ സ്വീകരണം നിശ്ചയിച്ചിട്ടുള്ളത്.
പത്മനാഭപുരം കൊട്ടാരത്തിൽ നടത്തുന്ന ഉടവാൾ കൈമാറ്റ ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും ബംഗാൾ ഗവർണർ സി. വി. ആനന്ദ ബോസും പങ്കെടുത്തേക്കും.
പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തേവാരക്കെട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് നാളെ രാവിലെ 9ന് ആരംഭിക്കും. ഇതിനായി ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്ര വളപ്പിൽ നിന്ന് മുന്നൂറ്റി നങ്കയെ ഇന്ന് പത്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. 13ന് കളിയിക്കാവിളയിലും 14ന് ഉച്ചയ്ക്ക് നഗരാതിർത്തിയായ നേമത്തും ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. ആദ്യ ദിവസം രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും 13ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇറക്കി പൂജ നടത്തും. മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷം 14ന് വൈകിട്ട് ഘോഷയാത്ര തലസ്ഥാനത്ത് എത്തും.
14ന് വൈകിട്ട് കരമന നിന്നും എഴുന്നള്ളത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26ന് വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നെള്ളത്ത് ആരംഭിക്കും.