തളിപ്പറമ്പ് : ധർമശാല അഞ്ചാംപീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത് മറ്റൊരു കേസില്‍ കണ്ണൂർ പൊലീസ് പിടിയിലായ രണ്ടംഗ സംഘം.കുഞ്ഞിപ്പള്ളി കെ.വി. ഹൗസിലെ കെ. നിയാസുദീൻ എന്ന മസില്‍ നിയാസ് (40), ചാലക്കുന്നിലെ ജസി നിവാസിലെ കെ. അജേഷ് എന്ന കുറുക്കുൻ അജേഷ് (33) എന്നിവരാണ് കവർച്ച നടത്തിയത്. വീട് കുത്തിത്തുറന്ന് അലമാരയില്‍ ഉണ്ടായിരുന്ന 10 പവൻ ആഭരണവും 15,000 രൂപയുമാണ് കവർന്നിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടോടെ ശശിധരനും കുടുംബവും വീട് പൂട്ടി മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്‌ച രാത്രിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ കവർച്ച നടന്നത് കണ്ടത്. ടെറസിലെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കവർച്ചക്കാർ അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടപ്പെട്ടത്.
ശശിധരന്റെ പരാതിയില്‍ തളിപ്പറമ്ബ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിറകില്‍ കണ്ണൂരില്‍ പിടിയിലായ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂർ ടൗണ്‍ പൊലീസ് കൊയിലി ആശുപത്രി പരിസരത്തെ കല്‍പക റസിഡൻസിയില്‍ നടത്തിയ പരിശോധനയിലാണ് നിയാസും അജേഷും പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് ഇരുചക്ര വാഹനങ്ങളും എട്ട് പവൻ സ്വർണാഭര ണങ്ങളും പിടികൂടിയിരുന്നു.