നെയ്യാറ്റിൻകര: സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈമാറുന്ന സംഘത്തിലെ പ്രധാന പ്രതി നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയില്‍.നെയ്യാറ്റിൻകര ആറാലുംമൂട് കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടില്‍ ബോസ് എന്ന ഷാൻമാധവൻ (40) ആണ് പിടിയിലായത്. ജില്ലക്കകത്തും പുറത്തുമായി സ്കൂള്‍ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിമരുന്ന് വില്‍പന. സ്കൂള്‍ വിദ്യാർഥികളുടെ പ്രാരബ്ധം ചൂഷണം ചെയ്താണ് ഇയാള്‍ മയക്കുമരുന്ന് വാഹകരാക്കുന്നത്. സോഷ്യല്‍ മീഡിയ ഇൻസ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ലഹരി ഉപയോഗം തിരയുന്ന വിദ്യാർഥികളുടെ പ്രൊഫൈല്‍ മനസ്സിലാക്കിയാണ് സൗഹാർദം സ്ഥാപിക്കുന്നത്. ഒരുകുട്ടിയെ ലഭിക്കുന്നതോടെ മറ്റുള്ള കുട്ടികളെക്കൂടി വശത്താക്കുന്നതാണ് രീതി. വിദ്യാർഥികളെ ആദ്യം ലഹരിക്ക് അടിമയാക്കിയശേഷം ലഹരിവില്‍പനക്ക് ഉപയോഗിക്കും. തുടർന്ന് കുട്ടികളുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ച് ചാരിറ്റി പ്രവർത്തകനാണെന്നമട്ടില്‍ സാമ്ബത്തികമായി സഹായിക്കുന്നതോടെ വീട്ടുകാരുടെ വിശ്വാസവും നേടിയെടുക്കും. സാമ്ബത്തികസഹായം, വീട്ടുവാടക ഉള്‍പ്പെടെ നല്‍കുന്നതോടെ കുട്ടികള്‍ക്കും ഷാൻമാധാവനില്‍ വിശ്വാസം വർധിക്കും. അതിനുശേഷമാണ് ഇവരെ ഉപയോഗിച്ച് കഞ്ചാവും ലഹരിഗുളികകള്‍ ഉള്‍പ്പെടെ ആവശ്യക്കാർക്ക് എത്തിക്കുന്നത്.