ത്യശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണു നഴ്സിംഗ് ജീവനക്കാര്‍ സമരരംഗത്തേക്കു വീണ്ടുമിറങ്ങുന്നത്.സമരത്തിന്‍റെ ആദ്യപടിയായി ഇന്നു തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിച്ച് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണു സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാനാണ് നേഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയുടെ തീരുമാനം.വേതന വര്‍ധനയുമായി ബന്ധപ്പെട്ട് രണ്ടു തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്തതോടെയാണു പ്രത്യക്ഷസമരത്തിലേക്കു കടക്കാന്‍തീരുമാനിച്ചതെന്നു യുഎന്‍എ പറയുന്നു.