കോന്നി: പത്തനംതിട്ട കോന്നിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ നഴ്സിങ് കോളേജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യയെ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മകള്‍ ആത്മഹത്യ ചെയ്തത് ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്നാണെന്ന് കുടുംബം പറഞ്ഞു. ലോണ്‍ ഉള്‍പ്പെടെ പഠനസഹായം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റ് ആണ് അതുല്യയ്ക്ക് കര്‍ണാടകയില്‍ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നല്‍കിയത്. എന്നാല്‍, ട്രസ്റ്റ് അധികൃതര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ ആയതോടെ അതുല്യ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യ നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി അതുല്യ അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍, ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തതോടെ പഠനംമുടങ്ങുമെന്ന് മകള്‍ മനോവിഷമത്തിലായിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു.തുടര്‍ പഠനത്തിനുള്ള വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ക്കായി മകള്‍ ചെന്നപ്പോള്‍ ആദ്യ വര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വര്‍ഷം മുതല്‍ പഠിക്കണമെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ, പണം അടച്ച് അതുല്യ തിരികെ വീട്ടിലേക്ക് പോന്നു.പഠനം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു അതുല്യയെന്ന് കൂട്ടുകാരികളും പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.