നാദാപുരം :വിലങ്ങാട് പാനോം പുല്ലുവായില്‍ കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കൂലിത്തൊഴിലാളി പാനോത്തെ പുത്തം പുരയില്‍ സുദേവനാണ്(65) മരിച്ചത്.ചൊവ്വാഴ്ച വാണിമേല്‍ സ്വദേശി അമ്മദ് , സമീപവാസികളായ ജോര്‍ജ് വട്ടക്കുന്നേല്‍, ബിമല്‍ മഞ്ചികപ്പള്ളി എന്നിവര്‍ക്കും ബുധനാഴ്ച സഹോദരരായ മഞ്ഞാങ്കില്‍ ബിനി, രഘു എന്നിവര്‍ക്കുമാണ് കുത്തേറ്റത്. രാവിലെ എട്ടരയോടെ സുദേവന്‍ വിലങ്ങാട് സ്വദേശി ജോബിയുടെ പറമ്ബില്‍ കുരുമുളക് പറിക്കാന്‍ പോയതായി നാട്ടുകാര്‍ പറഞ്ഞു. മുളക് പറിക്കാന്‍ കൊണ്ടുവന്ന ഏണി മരത്തിനു മുകളില്‍ ചാരിവച്ച നിലയില്‍ പറമ്പില്‍ കണ്ടെത്തി. ഇതിനിടയില്‍ തേനീച്ചക്കൂട്ടം ഇയാളെ കൂട്ടമായി അക്രമിക്കുകയായിരുന്നു. കുത്തേറ്റ് ജോലി സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ ദൂരം ഓടിയ ഇയാള്‍ പാനോംറോഡിലേക്കുള്ള മണ്‍പാതയില്‍ വീഴുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ഇതു വഴി കടന്നുപോയയാളാണ് ദേഹമാസകലം കുത്തേറ്റ് വഴിയില്‍ മരിച്ചു കിടക്കുന്ന സുദേവനെ കണ്ടത്.