ആലപ്പുഴ: മഴയില്‍ സ്കൂട്ടറില്‍ നിന്നിറങ്ങി വഴിയോരത്ത് നില്‍ക്കവെ കൂറ്റൻ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു.ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലില്‍ ഉനൈസ് (28) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു സംഭവം. ഈ ആഴ്ച വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിക്കാൻ അക്ഷയ കേന്ദ്രത്തിലേക്ക് ഭാര്യ അലീഷ (25) യുമായി സ്കൂട്ടറില്‍ പോയതിന് പിന്നാലെയായിരുന്നു അപകടം. യാത്രക്കിടെ കനത്ത കാറ്റും മഴയുമെത്തിയതോടെ സ്കൂട്ടറില്‍ നിന്നിറങ്ങി കാത്തിരിപ്പു കേന്ദ്രത്തിന് സമീപം നിന്നു. ഈ സമയം എതിർവശത്തുള്ള പാഴ്മരം കാറ്റില്‍ ആടിയുലയുന്നത് കണ്ട് പേടിച്ച ഇരുവരും ഓടിമാറുന്നതിനിടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മരത്തിന്റെ ചില്ലകള്‍ വീണ് കാലൊടിഞ്ഞ അലീഷയെയാണ് ആദ്യം പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്മുന്നിട്ടിറങ്ങി അലീഷയെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെയാണ് ശരീരം പൂർണമായും മരത്തിനടിയിലായിരുന്ന ഉനൈസിനെ പുറത്തെടുത്തത്. സമീപത്തെ തടിമില്ലില്‍ നിന്ന് ക്രെയിൻ എത്തിച്ച് മരം ഉയർത്തി മാറ്റിയാണ് ഉനൈസിനെ പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.