തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം 27 മുതല്‍ ഏപ്രില്‍ 5 വരെ നടക്കും. 27ന് രാവിലെ 8.25നും 9.21നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഉത്സവത്തിന് കൊടിയേറും.ഏപ്രില്‍ 3ന് വലിയ കാണിക്കയും 4ന് പള്ളിവേട്ടയും നടക്കും. 5ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.സുരക്ഷാകാരണങ്ങളാല്‍ ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊടിയേറ്റിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് എസ്.സജീവില്‍ നിന്ന് ക്ഷേത്രം മാനേജര്‍ ബി.ശ്രീകുമാര്‍ ഏറ്റുവാങ്ങി.ക്ഷേത്രം ഉദ്യോഗസ്ഥരായ ഹരി എ.കെ.മേനോന്‍,മുകേഷ് മോഹന്‍, വിഷ്‌ണു വിജയ്, ജയില്‍ സ്റ്റോര്‍ കീപ്പര്‍ എ.സ്റ്റാലിന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ്,അസിസ്റ്റന്റുമാരായ പ്രദീപ്,ജോസ്,കിഷോര്‍,മനോജ്,സജി,മുരുകന്‍ എന്നിവരും പങ്കെടുത്തു.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളാണ് വര്‍ഷങ്ങളായി കൊടിയേറ്റിനുള്ള കൊടിക്കയര്‍ നിര്‍മ്മിക്കുന്നത്.
ഒരു മാസത്തോളം വ്രതമെടുത്താണ്നൂലുകൊണ്ട് കയര്‍ പിരിച്ചെടുക്കുന്നത്. കൊടിക്കയറിന്റെ ശുദ്ധിക്രിയകള്‍ കഴിഞ്ഞ് കൊടിയേറ്റിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും പഞ്ചഗവ്യത്ത് നമ്പിയും ചേര്‍ന്ന് ക്ഷേത്ര തന്ത്രിക്ക് കൈമാറും.തന്ത്രി ധ്വജാരോഹണം നടത്തും. ഇന്ന് വൈകിട്ട് 6.30ന് മിത്രാനന്ദപുരം കുളത്തില്‍ മണ്ണുനീര്‍ കോരല്‍ ചടങ്ങ് നടക്കും.