വര്‍ക്കല: ശമ്പള കുടിശിക ആവശ്യപ്പെട്ട രണ്ടു മുന്‍ ജീവനക്കാരെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച പാപനാശത്തെ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും അറസ്റ്റില്‍.വര്‍ക്കല പാപനാശം സൗത്ത് ക്ലിഫിലെ വാക്കെ നെസ്റ്റ് റിസോര്‍ട്ട് ഉടമ വര്‍ക്കല സെയ്ദലി മന്‍സിലില്‍ സെയ്ദലി (41), കൂട്ടാളികളായ കല്ലമ്പലം പുതുശേരിമുക്ക് ജിതിന്‍നിവാസില്‍ ജിതിന് (20), കല്ലമ്ബലം പുതുശേരിമുക്കില്‍ ഇടവൂര്‍ക്കോണം സലീനമന്സിലില് സജീര്‍ (21) എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. റിസോര്‍ട്ടിലെ മുന്‍ജീവനക്കാരായ കോട്ടയം കണക്കാഞ്ഞൂര്‍ വട്ടം പറമ്പില്‍വീട്ടില്‍ ശരത് സജി (26), കിളിമാനൂര്‍ സ്വദേശിയായ അഖില്‍ എന്നിവര്‍ക്കാണ് മാര്‍ച്ച് ഒന്നിന് മര്‍ദ്ദനമേറ്റത്. ശരത് സജി വാടകയ്ക്കു താമസിക്കുന്ന വെട്ടൂര്‍ അക്കരവിള പളളിക്കു സമീപം വിളയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. ശരത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പൊലീസ് ശരത്തിന്റെ മൊഴിയെടുത്തു. ശമ്പളകുടിശിക ചോദിച്ചതിലുളള വിരോധത്തിലാണ് മര്‍ദ്ദനമെന്നാണ് ശരത്തിന്റെ മൊഴി. എന്നാല്‍ മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് റിസോര്‍ട്ടുടമയായ സെയ്ദലിയെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ ശരത്താണ് എക്സൈസിന് വിവരം നല്‍കിയതെന്ന സംശയവും പ്രതികള്‍ക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.