കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ചു തീവച്ച സംഭവത്തില്‍ പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് ഡിജിപി അനില്‍കാന്ത്.സമഗ്ര അന്വേഷണമുണ്ടാകുമെന്നു കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണസംഘത്തില്‍ എസിപിമാരും സിഐമാരുമടക്കം 18 പേര്‍ ഉള്‍പ്പെടുന്നു. തീവ്രവാദികളുടെ ആക്രമണമാണെന്നു സംശയി ക്കുന്നതിനാല്‍ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷിച്ചേക്കും. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീവച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഷെഹറുഫ് സെയ്ഫലിയാണ് ട്രെയിനില്‍ ആക്രമണം നടത്തിയതെന്നാണു പോലീസിനു ലഭിക്കുന്ന സൂചന. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പോലീസിനു ലഭിച്ചത്. അതേസമയം, പ്രതിയുടേതായി പുറത്തുവന്ന സിസിടി വി ദൃശ്യങ്ങള്‍ മറ്റൊരാളുടേതാണെന്നു പോലീസ് കണ്ടെത്തി. ദൃശ്യത്തിലുള്ളതു കോഴിക്കോട് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നാണ് ലഭിക്കുന്ന വിവരം.ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പരിശോധനയ്ക്കായി ബോഗികള്‍ ഇന്നലെതന്നെ കണ്ണൂരില്‍ എത്തിച്ചു. തീയിട്ട ഡി 1, ഡി 2 ബോഗികളാണു വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂരിലെത്തിച്ചത്. ഫോറന്‍സിക്, കേരള പോലീസ്, ആര്‍പിഎഫ്, പോലീസ് ഇന്‍റലിജന്‍സ് നേതൃത്വത്തിലാണു പരിശോധന . ഇന്നലെ വൈകുന്നേരം 6.10 ന്, കേസ് അന്വേഷിക്കുന്ന കോഴിക്കോട് റെയിവേ ഇന്‍സ്പെക്ടര്‍ സുധീര്‍ മനോഹറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം, കണ്ണൂരിലെത്തിച്ച ബോഗികള്‍ വിശദമായി പരിശോധിച്ചു.