തിരുവനന്തപുരം: തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെയാണ് പ്രതിഷേധം.രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികില്‍സ എന്നിവയെ പിജി ഡോക്ടര്‍മാരുടെ സമരം ബാധിക്കും. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയും ചേര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന്ഐഎംഎ അറിയിച്ചു.ബുധനാഴ്ച പുലച്ചെയായിരുന്നു ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് തള്ളിയിട്ട് വയറില്‍ ചവിട്ടിയത്. ചികിത്സയിലായിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അക്രമം. കൊല്ലം സ്വദേശി സെന്തില്‍കുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കുന്നത്.