ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയില്‍നിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. എന്‍എച്ച് 94 ല്‍ റിഖാവു ഘട്ടിന് സമീപമാണ് അപകടം ഉണ്ടായതെന്ന് ഉത്തരകാശി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര പട്വാല്‍ അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കും.