രാമനാട്ടുകര: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് നല്‍കാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാള്‍ പിടിയില്‍.മൂന്നര വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക് പോലീസ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ മഹ്വ താലൂക്കില്‍ ആനവാല് സ്വദേശി ഈശ്വര്‍ഭായ് ഗുലാഭായ് പട്ടേലാണ് (57) പിടിയിലായത്.2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവുമായിരണ്ടുപേര് രാമനാട്ടുകര സ്വദേശി രാജനെ ബന്ധപ്പെട്ടു. ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി വ്യാജതെളിവുകളും പ്രൂഫുകളും ഇവര്‍ കാണിക്കുകയും ചെയ്തു. സീറ്റിനായി 16.25 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് മൂന്നുഘട്ടങ്ങളിലായി രാജൻ നല്‍കുകയും ചെയ്തു. ആ വര്‍ഷത്തെ അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. പിന്നീടിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.