പട്ടിക്കാട്: 45കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയില്‍. മുടിക്കോട് വെളിയത്തുപറമ്പില്‍ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടില്‍ നെല്‍സണ്‍ (30), വട്ടക്കല്ല് നെല്ലിപ്പറമ്പില്‍ ഷെഹീര്‍ (42) എന്നിവരാണ് പൊലീസ് പിടിയിലായത്. പീച്ചി പൊലീസ് ആണ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചാത്തംകുളം സ്വദേശി കറുപ്പം വീട്ടില്‍ ഷമീറിനെ(45) ആണ് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയത്.
തോട്ടപ്പടി അടിപ്പാതയില്‍ ആണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന ഷമീറിനെ മൂന്നുപേരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ പിന്തുടരുകയും തുടര്‍ന്ന്, ആറാം കല്ല് സര്‍വിസ് റോഡിനടുത്ത ആളൊഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഓട്ടോറിക്ഷ ബൈക്കിന് കുറുകെയിട്ട് തടഞ്ഞ്, ഷമീറിനെ ബൈക്കില്‍നിന്ന് ചവിട്ടി താഴെയിട്ട് ചവിട്ടുകയും കമ്പി വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു.