ചവറ: സൂപ്പര്‍മാര്‍ക്കറ്റ് വ്യാപാരത്തിലും മത്സ്യബന്ധന ബോട്ടിന്‍റെ നടത്തിപ്പിലും പങ്കാളിയാക്കാമെന്നും ഓഹരികള്‍ വാങ്ങി നല്‍കാമെന്നും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്‍.ചവറ മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത (39) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.സരിതയും ഭര്‍ത്താവായ അംബുജാക്ഷനും ചേര്‍ന്നു പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത് എന്നാണ് പരാതി. അംബുജാക്ഷന്‍ നിലവില്‍ ഒളിവിലാണ്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഓഹരിയും പാര്‍ട്ണര്‍ഷിപ്പും കിട്ടാതായതിനെ തുടര്‍ന്ന് പൈസ തിരികെ ചോദിക്കാനായി പ്രതികളുടെ വീട്ടില്‍ ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനേയും പ്രതിയായ സരിതയും ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഇവര്‍ ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.