എറണാംകുളം : കോതമംഗലത്ത് എക്‌സൈസിന്റെ ജീപ്പ് കത്തിച്ച കേസില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. 20 കാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്.ജിത്തുവിനെതിരെ കഴിഞ്ഞ വര്‍ഷം എക്‌സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എക്‌സൈസിന്റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ജിത്തു കുട്ടമ്ബുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തിയത്. ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയായിരുന്നു. തൊട്ടടുത്തുള്ള വ്യാപാരികളും എക്‌സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് തീയണച്ചത്. ജീപ്പിന്റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു.