ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ കൗശംബി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഗുഫ്രാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ യു.പി പോലീസിലെ പ്രത്യേക ദൗത്യസംഘം ഗുഫ്രാന്‍ ഉള്ള സ്ഥലം തിരിച്ചറിഞ്ഞ് വളയുകയായിരുന്നു. ഇതിനിടെ ഗുഫ്രാനും സംഘവും പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുഫ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണമടയുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ ഒരു 9 എംഎം തോക്ക്, .32 ബോര്‍ പിസ്റ്റല്‍, ഒരു അപ്പാച്ചെ ബൈക്ക് എന്നിവ പിടിച്ചെടുത്തു.
കൊലപാതകം, വധശ്രമം, കൊള്ള തുടങ്ങി 13 കേസുകളില്‍ പിടികിട്ടാപുള്ളിയാണ് ഗുഫ്രാന്‍.ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ട്, സുല്‍ത്താന്‍പുര്‍ ജില്ലകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 1,25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ക്രിമിനലുകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പോലീസിന്റെ ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്.