കോഴിക്കോട് : പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും.ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടില്‍ അര്‍ധ നഗ്‌നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കാണാതാകുമ്പോള്‍ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൃതശരീരത്തില്‍ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.