തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടില്‍ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു.തിങ്കളാഴ്ച മാത്രം 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ചരിത്രത്തിലാദ്യമായാണ് മാര്‍ച്ച് മാസത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് . ഇതോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്ബത്തിക പ്രതിസന്ധിയും രൂക്ഷമായി. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.കഴിഞ്ഞ ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 10.29 കോടി യൂണിറ്റ് ആയിരുന്നു കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം. സാധാരണ ഗതിയില്‍ ഏപ്രില്‍ മാസത്തിലാണ് കേരളത്തിലെ ഉപയോഗം ഇത്രയധികം ഉയരാറുള്ളത്.7.88 കോടി യൂണിറ്റ് വൈദ്യുതി പുറത്തു നിന്ന് വാങ്ങിയാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. സംസ്ഥാനത്തെ ജലവൈദ്യുത ഉല്‍പാദനം 1.91 കോടി യൂണിറ്റ് മാത്രം ആയിരുന്നു. വൈദ്യുതി വാങ്ങാൻ ബോർഡ് ചെലവഴിക്കുന്ന തുക ഭാവിയില്‍ സർചാർജ് ആയി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാണ് തീരുമാനം. മുൻപ് വൈകുന്നേരം 6 മുതല്‍ 10 മണി വരെയാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോഴിത് രാത്രി 12 വരെയാണ്.