തിരുവനന്തപുരം – “പ്രേം നസീറിനെ ഓർമ്മിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തിലില്ല. നസീർ ഇന്നും എന്റെ ഹൃദയത്തിലുണ്ട്” – നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ മലയാള സിനിമയിലെ മഹാനടൻ മധു തന്റെ മനസ് തുറന്നു. ഇന്നത്തെ എന്റെ പ്രധാന ഹോബി രാത്രി 10 മണിക്ക് ശേഷം പഴയ സിനിമകൾ സി ഡി ഇട്ട് കാണുക. അവയിലേറെയും നസീറിന്റേത്. മുൻപ് തിരക്കായതിനാൽ സിനിമകളൊന്നും കാണാൻ സാധിച്ചില്ല. ഞാനും നസീറും ഒരുമ്മിച്ചഭിനയിച്ച പടയോട്ടം എന്ന സിനിമ ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അത് കാണുമ്പോൾ നസീറുമായുള്ള പഴയ സ്നേഹ ബന്ധത്തിന്റെ ആഴം എത്രമാത്രമാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നു – പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി മധുവിനെ ഇക്കഴിഞ്ഞ ദിവസം വീട്ടിലെത്തി ആദരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കു വെച്ചത്. മധുവിന് സൂര്യ കൃഷ്ണമൂർത്തി ഉപഹാരം നൽകുകയും നടൻ രാഘവൻ പൊന്നാട ചാർത്തുകയും നസീർ സ്മൃതിയുടെ ഭാഗമായുള്ള ഫലവൃക്ഷ തൈ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായരും, ന്യൂ ഇയർ സമ്മാനം മുൻ ജയിൽ ഡി.ഐ.ജി.എസ്.സന്തോഷും നൽകി. . “അയല പൊരിച്ചതൊണ്ട്, കരിമീൻ വറുത്ത തൊണ്ട് …” എന്ന ഗാനം ഗായിക കുമാരി ജ്യോത്സ്യന പാടിയപ്പോൾ ആസ്വദിച്ച മധുവിനെ കെട്ടിപിടിച്ചു കൊണ്ട് , ഇതൊക്കെ കഴിക്കാൻ ഇപ്പോൾ ആഗ്രഹമുണ്ടോയെന്ന നടൻ രാഘവന്റെ ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ കിട്ടിയാൽ കൊള്ളാമെന്ന തമാശ മധു പങ്കു വെച്ചു. കൂടെ അഭിനയിക്കുമ്പോൾ മധു നൽകിയ പ്രോൽസാഹനം ഏറെ ലഭിച്ചത് ഹൃദയം ഒരു ക്ഷേത്രം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴായിരുന്നുവെന്നും അന്നത്തെ ആ ചിരി തന്നെ ഇപ്പോഴും ആ മുഖത്ത് കാണുവാൻ കഴിയുന്നതെന്നും രാഘവൻ പറഞ്ഞു. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ വീണാറാണി, സമിതി ഭാരവാഹികളായ വഞ്ചിയൂർ പ്രവീൺ കുമാർ ,തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിക്കുകയും സമിതി അംഗങ്ങൾ മധുവിനെ പൊന്നാട ചാർത്തുകയും ചെയ്തു. വീട്ടിൽ നിന്നും യാത്ര ചോദിച്ച എല്ലാ പേരേടുമായി മധു ഒന്നുകൂടി പറഞ്ഞു, ഈ സ്നേഹ വാൽസല്യ കൂട്ടായ്മ കണ്ടപ്പോൾ തന്റെ പ്രായം ഒന്നുകൂടി കുറഞ്ഞതു പോലെ തോന്നുന്നുവെന്ന്.