തിരുവല്ല: മിനിലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി അടങ്ങുന്ന ഡാന്‍സാഫ് സംഘവും പുളിക്കീഴ് പൊലീസും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ച നാലോടെ പൊടിയാടിയില്നിന്നുമാണ് വന്‍ തോതിലുള്ള പുകയില ഉല്പന്നങ്ങള് പിടികൂടിയത്.ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയില്‍ എം.ജെ.എം സ്ട്രീറ്റില്‍ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കല്‍ക്കുരി വീട്ടില്‍ സിറാജുദ്ദീന് എന്നിവരാണ് പിടിയിലായത്. 65 ചാക്കിലായി നിറച്ച നിലയിലായിരുന്ന നാല്പത്തി ഒമ്ബതിനായിരത്തോളം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്ന വ്യാജേനെ പലകകള്‍ക്ക് അടിയില്‍ കറുത്ത ടാര്‍പാളില്‍ ഉപയോഗിച്ച് മൂടിയ നിലയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചിരുന്നത്. കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന പുകയില ഉല്പന്നങ്ങള് പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.