വാഷിംഗ്ടണ്‍: പ്രമുഖ ഹോളിവുഡ് നടന്‍ റേ സ്റ്റീവന്‍സന്‍ അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ സ്‌കോട്ട് ബക്‌സറ്റനെ അവതരിപ്പിച്ചത് സ്റ്റീവന്‍സനായിരുന്നു.ഈ ചിത്രം ഓസ്‌കര്‍ വേദിയില്‍ അടക്കം തിളങ്ങിയിരുന്നു. ഹോളിവുഡിലെ പ്രമുഖ പരമ്പര ചിത്രങ്ങളായ തോറില്‍ അടക്കം അദ്ദേഹം അഭിനയിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു വിയോഗം.
ആര്‍ആര്‍ആറില്‍ ബ്രിട്ടീഷ് ഗവര്‍ണറുടെ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അതേസമയം റേ സ്റ്റീവന്‍സന്റെ വിയോഗം ആര്‍ആര്‍ആര്‍ ടീമും സ്ഥിരീകരിക്കുന്നു. അത്യന്തം ഞെട്ടിക്കുന്നതാണ്, വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് രാജമൗലി പറഞ്ഞു. ചിത്രത്തിന്റെ സെറ്റില്‍ ആവേശവും, ഊര്‍ജവും നിറയ്ക്കാന്‍ റേയ്ക്ക് സാധിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തത് ആസ്വദിച്ചിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും രാജമൗലി കുറിച്ചു.