പുതുപ്പള്ളി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും എണ്ണും. ഒരു മേശയില്‍ സര്‍വീസ് വോട്ടുകളാണ് എണ്ണുക.ആദ്യം എണ്ണിത്തുടങ്ങുന്നത് തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ്. 14 മേശകളില്‍ 13 റൗണ്ട് വോട്ടെണ്ണല്‍ നടക്കും. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. പുതുപ്പള്ളിയില്‍ ഇക്കുറി 72.86 ആണ് പോളിങ് ശതമാനം. 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി.