വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്.പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നില്‍ കുത്തേറ്റ് മരിച്ചത്.
രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പില്‍ നിന്ന് പുറത്തിറങ്ങിയ ബിജു നിലത്തേക്ക് ബോധരഹിതനായി വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.ഇതിന് പിന്നാലെ തോട്ടകം സ്വദേശിയായ സജീവ് എന്ന ഭിന്നശേഷിക്കാരൻ സൈക്കിളുമായി ഷാപ്പില്‍ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടി. പിന്നീട് സജീവനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജുവിനെ കുത്തിക്കൊന്നത് താനാണെന്ന് സജീവ് സമ്മതിച്ചത്. സംഭവത്തെ പറ്റി പൊലീസ് നല്‍കുന്ന സൂചന ഇങ്ങനെ. ബിജുവും സജീവും സുഹൃത്തുക്കളാണ്. മൂന്ന് മാസം മുമ്ബ് ഇരുവരും ചേര്‍ന്ന് തോട്ടകത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍വെച്ച് മദ്യപിച്ചു. ഇതിനുശേഷം സജീവന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും മൊബൈല്‍ ഫോണും ബിജു മോഷ്ടിച്ചു കടന്നു കളഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ സജീവ് പിടികൂടി, മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. പണം കണ്ടെത്താന്‍ സജീവിനായില്ല. ഇരുവരും തമ്മില്‍ ഇടയ്ക്ക് കാണുമ്പോൾ പണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.കഴിഞ്ഞ ദിവസം രാവിലെ സജീവ് ഷാപ്പില്‍ മദ്യപിക്കാനെത്തി. ഇതിനിടയില്‍ ബിജുവും അവിടെ എത്തി. ഷാപ്പിനുള്ളില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സജീവ് കൈയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ബിജുവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ബിജു ഷാപ്പിനു പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു. ഇതു കണ്ട് സമീപത്തു നിന്നുള്ളവര്‍ ഓടി എത്തി. അധികം താമസിക്കാതെ ബിജു മരണപ്പെടുകയായിരുന്നു.