റിയാദ് :സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാംപ്യൻമാർ. ഫൈനലിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിലാണ് റയലിന്റെ കിരീട നേട്ടം. റിയാദിലാണ് മത്സരം നടന്നത്. മത്സരത്തിന് സാക്ഷിയായി മുൻ റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടായിരുന്നു
റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോൾ നേടിയത്. ബ്രസീലിയൻ താരമായ റോഡ്രിഡോ റയലിനായി നാലാം ഗോൾ കണ്ടെത്തിയത്. 4-3-1-2 ഫോർമേഷനിലിറങ്ങിയ റയൽ മാഡ്രിഡിനെ 4-2-3-1 ഫോർമേഷനിലാണ് ബാഴ്‌സലോണ നേരിട്ടത്. എഴുപത്തിയൊന്നാം മിനിറ്റിൽ അറോഹോ ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്‌സ കളി പുർത്തിയാക്കിയത്. സീസണിൽ രണ്ടാം തവണയാണ് എൽ ക്ലാസിക്കോയിൽ റയൽ ജയം നേടുന്നത്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റയൽ തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് മുന്നിൽ ബാഴ്‌സലോണയുടെ തന്ത്രങ്ങളെല്ലാം അപ്രസക്തമായി. 10-ാം മിനിറ്റിൽ രണ്ടാം ഗോൾ അടിച്ച് ലീഡുയർത്തി. 33ാം മിനുട്ടിൽ ബാഴ്‌സലോണ ഒരു ഗോൾ മടക്കിയെങ്കിലും 39ാം മിനുട്ടിൽ വീനീഷ്യസ് ജൂനിയറിലൂടെ വീണ്ടും റയലിന്റെ ലീഡുയർത്തി. രണ്ടാം പകുതിയിൽ 64ാം മിനുട്ടിൽ നാലാം ഗോളും അക്കൗണ്ടിലാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 4-1ന്റെ വമ്പൻ ജയത്തോടെ റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിൽ മുത്തമിട്ടു.
റയൽ മാഡ്രിഡിന്റെ 13ാം സൂപ്പർ കപ്പ് കിരീടമാണിത്. 14 കിരീടങ്ങളുള്ള ബാഴ്‌സലോണയാണ് സൂപ്പർ കപ്പിൽ കൂടുതൽ കിരീടമുള്ള ടീം. ലാലിഗയിൽ നിലവിൽ നാലാം സ്ഥാനത്താണ് ബാഴ്‌സലോണ. അവസാന ലാലിഗയിലും നേർക്കുനേർ എത്തിയപ്പോൾ ജയം റയലിനായിരുന്നു.