(അജിത്ത് കുമാർ )
തിരുവനന്തപുരം : വീട്ടിൽ വളർത്തിയിരുന്ന നായകൾക്ക് വിഷം നൽകി കൊന്ന നിലയിൽ കാണപ്പെട്ടതോടെ വെള്ളയാണി, പാലപ്പൂര്, കാർഷിക കോളേജ് പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസമാണ് വളർത്തു നായകളെ വിവിധ സ്ഥലങ്ങളിൽ കൊന്നനിലയിൽ കാണപ്പെട്ടത്. പാലപ്പൂര് ഭഗവതി ക്ഷേത്ര വളപ്പിൽ മൂന്ന് നായകളും, വെള്ളയണി പാലപ്പൂര് പ്രദേശങ്ങളിൽ വീട്ടിൽ ഓമനിച്ചു വളര്‍ത്തിയിരുന്ന നായയുമാണ് പറമ്പിൽ ചത്തനിലയിൽ കാണപ്പെട്ടത്. നായകളുടെ കൂട്ടത്തോടെയുള്ള മരണം നാട്ടുകാരിൽ ഭീതിയുണർത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മോഷ്ടാക്കൾ വിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും സംശയം ഉയർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കോഴി കച്ചവടം നടത്തുന്നവർ നിരവധിയാണ്. വലയിൽ കെട്ടിതിരിച്ചുള്ള കൂടുകളിലാണ് കോഴികളെ വളർത്തുന്നത്. തെരുവ് നായ്ക്കൾ പലപ്പോഴും കോഴിക്കൂടുകൾ തകർത്തു കോഴികളെ ആഹാരം ആക്കുമോ എന്നുള്ള ഭയത്താൽ അത്തരക്കാരാണോ ഇതിന് പുറകിലെന്നുള്ള സംശയങ്ങളും പ്രദേശവാസികളിൽ ബലപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ നാളിതുവരെ ഉണ്ടായിട്ടില്ല എന്നും ഈ പ്രദേശങ്ങളിൽ ആദ്യമായിട്ടാണ് ഇതുപോലുള്ള മൃഗഹത്യ ഉണ്ടായിരിക്കുന്നതെന്നാണ് പലരുടെയും അഭിപ്രായം. ഈ പ്രദേശങ്ങളിൽ പോലീസിന്റെ ശക്തമായ പെട്രോളിങ്ങും ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.