പത്തനംതിട്ട: 2018ലെ പുതുവത്സര ദിനത്തില്‍ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പര്‍ മോഡല്‍ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു.സമാനരീതിയില്‍ നടത്തിയ കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും. ഒക്ടോബര്‍ ഒന്നിന് കരുനാഗപ്പള്ളിയില്‍ ആക്രി പെറുക്കുകാരനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി കുളത്തൂപ്പുഴ കല്ലുവെട്ടാം കോളനിയില്‍ താമസിക്കുന്ന കുന്നിക്കോട്ടുകാരന്‍ തുളസീധരനാണ് (വിജയന്) പ്രതി.പത്തനംതിട്ട കൊലക്കേസില്‍ പ്രതിയെ പൊലീസ് അന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. വിജയന് എന്നുള്ളത് ഇയാളുടെ കള്ളപ്പേരാണെന്നും വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട സ്ഥിരം സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തിരുന്നു. അതിനിടയില്‍ പരിചിതമില്ലാത്ത ഒരു മുഖം ശ്രദ്ധയില്‍പ്പെട്ടു. കൊല നടക്കുന്നതിന് മുമ്ബുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നഗരത്തില്‍ ഇയാളെ പലയിടത്തും കണ്ടു. വലിയൊരു കരിങ്കല്ലും കൈയിലേന്തി നില്ക്കുന്ന ഇയാളുടെ ദൃശ്യം കൊലപാതക സാധ്യതയിലേക്ക് സൂചന നല്‍കിയിരുന്നു. ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം കിട്ടിയത്.സമീപനാളുകളായി ഇവിടെ ചുറ്റിക്കറങ്ങുന്ന ഇയാളുടെ വീട് കുളത്തൂപ്പുഴയാണെന്ന് സെക്യൂരിറ്റി മൊഴി നല്കി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനി വരെ പൊലീസ് സംഘമെത്തി. പക്ഷേ, പ്രതി വഴുതിപ്പോയി.പുതുക്കുളം മുക്കുഴി അഞ്ചു സെന്റ് കോളനിയില്‍ ആയിക്കുന്നത്തു വടക്കേതില്‍ പൊടിയനാണ് 2018 ജനുവരി ഒന്നിന് പത്തനംതിട്ട നഗരത്തില്‍ കൊല്ലപ്പെട്ടത്. മിനി സിവില്‍ സ്റ്റേഷന് പിന്നില്‍ എ.വി.എസ് എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലക്കടിയേറ്റ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിനരികില്‍നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുതുവര്‍ഷരാത്രിയില്‍ കടത്തിണ്ണയില്‍ മദ്യപിച്ചശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കം നടന്നിരുന്നതായി പറയുന്നു. പൊടിയന് പത്തുവര്‍ഷം മുമ്പ് മകന് ഷാജിയുടെ വിവാഹത്തിനുശേഷം വീട് വിറ്റ് ചെങ്ങന്നൂരില്‍ പോവുകയും പിന്നീട് കോഴഞ്ചേരിയില്‍ വാടകക്ക് താമസിക്കുകയുമായിരുന്നു. പൊടിയന്റെ മൃതദേഹം ഏറ്റുവാങ്ങാനും ആരുമെത്തിയില്ല.