വയനാട് : വയനാട്ടില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡ്കൊണ്ട് അടിച്ചുകൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍(42) ആണ് കൊല്ലപ്പെട്ടത്.ജയചന്ദ്രന്റെ ജ്യേഷ്ഠന്‍ രാമകൃഷ്ണനെ(44) തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആര്‍എസ്‌എസിന്റെ മുഖ്യശിക്ഷക് ആണ്. ചൊവ്വ രാത്രി 7.30 ഓടെ ജയചന്ദ്രന്റെ വീട്ടുമുറ്റത്തായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ അനുജനെ അടിച്ചുകൊന്നത്. തലയ്ക്കും കഴുത്തിനുമാണ് ദണ്ഡ്കൊണ്ടുള്ള അടിയേറ്റത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവിക്കും മര്‍ദനമേറ്റു. കാലിനും നാഭിക്കും കൈക്കും പരിക്കേറ്റ രവി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലാണ്. കസേരയിൽ ഇരിക്കുമ്പോൾ ദണ്ഡ് ഉപയോഗിച്ച് രാമകൃഷ്ണന് ജയചന്ദ്രന്റെ തലക്കടിക്കുകയായിരുന്നുവെന്ന് രവി പറഞ്ഞു. ആക്രമണം തടയാന് ശ്രമിച്ച തന്നെയും ആക്രമിച്ചുവെന്ന് രവി പറഞ്ഞു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ രാമകൃഷ്ണനെ റിമാന്‍ഡ് ചെയ്തു.