പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ഒരുക്കങ്ങളുടെ വേഗത വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തീര്‍ഥാടനം ആരംഭിക്കാനായി 10 ദിവസം ബാക്കി നില്‍ക്കെ നിര്‍മാണ ജോലികളടക്കം വ്യാഴാഴ്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്. ശബരിമല പൂങ്കാവനത്തിലെയും ഇടത്താവളങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ ഇത് മുന്‍നിര്‍ത്തിയാണ് പുരോഗമിക്കുന്നത്.നിലക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലടക്കം നിര്‍മാണ, നവീകരണ ജോലികള്‍ ബാക്കിയുണ്ടെങ്കിലും ഈ മാസം പത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു.. അതേസമയം, ഇടത്താവളങ്ങളിലടക്കം ഓട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന പരാതികളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.