പത്തനംതിട്ട: പാറയുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ടു സ്‌കൂട്ടറിനു മുകളിലേക്കു മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവില്‍ പി.എസ്. സാമുവലാ(65)ണ് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് സാമുവല്‍ മരിച്ചത്. കോട്ടയം ജില്ലാ ആശുപത്രിക്കു സമീപത്തെത്തിയപ്പോള്‍ അസ്വസ്‌ഥത അനുഭവപ്പെടുകയും അവിടെ പ്രവേശിപ്പിച്ചയുടന്‍ മരിക്കുകയുമായിരുന്നു. സ്‌കൂട്ടര്‍ തവിടുപൊടിയായി.പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടിക കുളം ജങ്‌ഷനില്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയകാറിനെ മറിക്കടക്കവേയാണ് അപകടമെന്നു പറയുന്നു. നിയന്ത്രണംവിട്ട ലോറി റോഡിലേക്ക് മറിയുകയായിരുന്നു.
പാറക്കല്ലുകള്‍ വീണ് സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പാറയ്‌ക്കടിയില്‍പ്പെടുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.സ്‌കൂട്ടര്‍ യാത്രക്കാരന്‍ സാമുവല്‍ തൂക്കുപാലത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജിജു, സജു. മരുമക്കള്‍: ജിനു, അനു
ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ഇടിയുടെ ആഘാതത്തില്‍ ഓടയും തകര്‍ന്നു. പത്തനംതിട്ട – ഓമല്ലൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.