ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇനിയുള്ള കടമ്ബ ഇ.ഡി കേസിലെ ജാമ്യം. തിങ്കളാഴ്ച കാപ്പന് പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ജാമ്യം നല്‍കിയുള്ള സുപ്രിംകോടതി വിധി തന്നെയാണ് പ്രതീക്ഷ പകരുന്നത്. ഡല്‍ഹിയിലെത്തിയാല്‍ ജന്‍പുരയില്‍ സിദ്ദീഖ് കാപ്പന് താമസിക്കാന്‍ വസതി ഒരുക്കുന്ന തിരക്കിലാണ് ഭാര്യ റൈഹാനത്ത്.മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രിംകോടതി ഉത്തരവുള്ളതിനാല്‍ ഇ.ഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രിംകോടതിയിലെത്തുന്നതുവരെ കോടതി നടപടികള്‍ ഇഴഞ്ഞാണ് നീങ്ങിയതെങ്കിലും ഡല്‍ഹിയിലെത്തിയതോടെ അതിവേഗമായിരുന്നു നടപടികള്‍. ആഗസ്റ്റ് 29നു പരിഗണയ്‌ക്കെത്തിയ ജാമ്യാപേക്ഷയില്‍ സെപ്റ്റംബര്‍ ഒന്‍പത് ആയപ്പോഴേയ്ക്കും ജാമ്യം നല്‍കിയ വിധിയും ലഭിച്ചു.ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവില്‍ പറയുന്നത്.രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നല്‍കരുതെന്നും യു.പി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യു.പി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം.