മോസ്കോ : റഷ്യയിലെ ക്ലയൂചെവ്‌സ്‌കായ സോപ്‌ക അഗ്നിപര്‍വതത്തില്‍ കയറുന്നതിനിടെ ആറ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പര്‍വതമേഖലയില്‍ ശക്തമായ ശീതക്കാറ്റുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനായിട്ടില്ല. റഷ്യയിലെ ഏറ്റവും അപകടകാരിയായ ക്ലയൂചെവ്‌സ്‌കായ വിദൂര കിഴക്കന്‍ മേഖലയിലാണുള്ളത്. ചൊവ്വാഴ്ചയാണ് 2 ഗൈഡുകള്‍ ഉള്‍പ്പെടെയുള്ള 12 അംഗ സംഘം 15,597 അടി ഉയരത്തിലുള്ള അഗ്നിപര്‍വതത്തിന്റെ മുകളിലേക്ക് യാത്ര തുടങ്ങിയത്. എന്നാല്‍ ശനിയാഴ്ച സംഘത്തിലെ ആറ് പേര്‍ 13,780 അടി താഴ്ചയിലേക്ക് വീണ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
കുടുങ്ങിക്കിടക്കുന്നവരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ പര്‍വതത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് 10,827 അടി ഉയരത്തിലുള്ള ക്യാമ്ബിലും മറ്റ് നാല് പേര്‍ 13, 124 അടി ഉയരത്തിലുള്ള ടെന്റിലുമാണിപ്പോഴുള്ളത്. എല്ലാവരും റഷ്യന്‍ പൗരന്‍മാരാണ്.രാത്രിയില്‍ ക്ലയൂചെവ്‌സ്‌കായയിലെ താപനില മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. റഷ്യയിലെ കാംചറ്റ്‌ക ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ക്ലയൂചെവ്‌സ്‌കായ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നാണ്. അഗ്നിപര്‍വത സ്ഫോടന ശിലകളാല്‍ നിറഞ്ഞ ക്ലയൂചെവ്‌സ്‌കായ മഞ്ഞില്‍ മൂടപ്പെട്ട നിലയിലാണ്. ക്ലയൂചെവ്‌സ്‌കായയില്‍ കയറാന്‍ ശ്രമിക്കുന്നത് അതീവ അപകടം നിറഞ്ഞ ഒന്നാണെന്ന് അധികൃതര്‍ പറയുന്നു.