തിരുവനന്തപുരം: മങ്കയം വെള്ളച്ചാട്ടത്തിലെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നസ്റിയ ഫാത്തിമ യുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചില്‍ കാണാതായ ഷാനിയ്ക്കായി (33) തെരച്ചില്‍ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.മങ്കയം വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്.കുട്ടിയെ പുഴയില്‍ നിന്നും കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ജീവന് നഷ്ടമാവുകയിരുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലില്‍ പത്ത് പേര് കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയത്. രക്ഷപ്രവര്‍ത്തകര്‍ ഇതില്‍ എട്ട് പേരെ കരയില്‍ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു.