ഗാന്ധിനഗര്‍: ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ 500 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 12കാരിയെ സൈന്യവും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ധ്രംഗധ്ര തഹസില്‍ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് മനീഷ എന്ന പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ലോക്കല്‍ പൊലീസിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ജവാന്‍മാര്‍ കുട്ടിയെ രക്ഷിച്ചത്. 500 മുതല്‍ 700 അടി വരെ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 60 അടി താഴ്ചയിലാണ് പെണ്‍കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിക്ക് ഓക്സിജന്‍ നല്‍കുകയും അകത്തിറക്കിയ കാമറയിലൂടെ കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ ഉടന്‍ മനീഷയെ ആര്‍മി മെഡിക്കല്‍ സംഘം ധ്രംഗധ്രയിലെ ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പുറത്തെടുക്കുമ്ബോള്‍ കുട്ടിയുടെ രക്തത്തിലെ ഓക്സിജന്‍ ലെവല്‍ കുറവായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയതോടെ ആരോഗ്യനില തൃപ്തികരമായെന്ന് ധ്രംഗധ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ബി. ഹിരാനി പറഞ്ഞു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ചപ്പോള്‍ ജയ് ജവാന്‍ മുദ്രാവാക്യം വിളിച്ചു. സൈന്യവും പോലീസും ചേര്‍ന്നാണ് ഓപ്പറേഷന്‍ വിജയകരമായി നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.ഡി.പുരോഹിത് പറഞ്ഞു.